ബാരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് ഇടയാക്കിയ വിമാനത്തിന്റെ സുരക്ഷാ റെക്കോര്‍ഡിനെക്കുറിച്ച് ആശങ്ക. ബോംബാർഡിയർ ലിയർജെറ്റ് 45 എന്ന വിമാനത്തിൽ സഞ്ചരിക്കവേയാണ് ബുധനാഴ്ച രാവിലെ രാജ്യത്തെ നടുക്കിയ വിമാനാപകട വാർത്ത പുറത്തുവന്നത്.
ഗുരുതരമായ ചോദ്യങ്ങള്‍ ഉയരുമ്പോഴും, വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഒന്നുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിമാനത്തിന്റെ നിർമാതാക്കളായ വിഎസ്ആര്‍ ഏവിയേഷന്‍ ഉടമ. അപകടത്തില്‍പ്പെട്ട വിമാനം പ്രവര്‍ത്തിപ്പിച്ചിരുന്ന വിഎസ്ആര്‍ വെഞ്ചേഴ്സിന് സമാനമായ അപകടങ്ങളുടെ മുന്‍കാല ചരിത്രമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
2023 സെപ്റ്റംബറില്‍ ഇതേ കമ്പനിയുടെ മറ്റൊരു ലിയർജെറ്റ് 45 വിമാനം മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് വിമാനം രണ്ടായി പിളരുകയും റണ്‍വേയില്‍ നിന്ന് തെന്നിമാറുകയും ചെയ്തെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇതേ മോഡല്‍ വിമാനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
എന്നാല്‍, ഈ ആരോപണങ്ങളെല്ലാം വിഎസ്ആര്‍ ഏവിയേഷന്‍ ഉടമ തള്ളി. 'വിമാനത്തിന് യാതൊരുവിധ സാങ്കേതിക പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഈ മോഡല്‍ വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് മാറ്റേണ്ട യാതൊരു സാഹചര്യവുമില്ല,' എന്ന് അദ്ദേഹം വ്യക്തമാക്കി. അപകടത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പേ വിമാനത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം രാവിലെ 8:45-ഓടെ ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് നിയന്ത്രണം വിട്ട വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറുകയും തീപിടിച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നു. അജിത് പവാർ, അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്, സഹായി, രണ്ട് പൈലറ്റുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.
മോശം കാലാവസ്ഥയാണോ അതോ വിമാനത്തിന്റെ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് കണ്ടെത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ മുന്‍കാല ട്രാക്ക് റെക്കോര്‍ഡും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന.